
കൊച്ചി: ഗൂഢാലോചനയിൽ പ്രതിയുടെ പങ്കിനെക്കുറിച്ച് ശക്തമായ സംശയമുയർത്തുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ, നേരിട്ടുള്ള തെളിവില്ലെന്ന കാരണത്താൽ മാത്രം വിചാരണയ്ക്കുമുമ്പ് കുറ്റവിടുതൽ അനുവദിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. എന്നാൽ കേവല സംശയം മതിയാകില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിയിലെ ഭൂമിവാങ്ങലിൽ ക്രമക്കേട് ആരോപിച്ച അഴിമതിക്കേസിലാണ് തീരുമാനം. കുറ്റവിടുതൽ അപേക്ഷ തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ രണ്ടാം പ്രതി നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി.
എട്ട് ഗുണഭോക്താക്കൾക്കായി 200 സെന്റ് ഭൂമി വാങ്ങാൻ രണ്ടാം പ്രതിക്ക് 77 ലക്ഷം രൂപ നൽകിയെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ലഭ്യമായ ഭൂമി കുറവായിരുന്നുവെന്നും വഴിക്കായി മാറ്റിവെച്ച ഭാഗത്തിനും വില നൽകിയതിലൂടെ സർക്കാരിന് അധികച്ചെലവുണ്ടായെന്നുമാണ് ആരോപണം.
ഭൂമിയുടെ അളവും വഴിക്കായി സ്ഥലം മാറ്റിവെച്ചതും സംബന്ധിച്ച സാക്ഷിമൊഴികൾ പ്രതിയുടെ പങ്ക് സൂചിപ്പിക്കുന്നതായി കോടതി വിലയിരുത്തി. ഗൂഢാലോചന പലപ്പോഴും സാഹചര്യത്തെളിവുകളിലൂടെയാണ് സ്ഥാപിക്കപ്പെടുന്നതെന്നും നിരപരാധിത്വവാദം വിചാരണയിൽ പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.










